തമിഴ്‌നാട്ടിലെ നഗര പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ വിജയ് ഇന്ന് രാവിലെ ബൂത്തിലെത്തിയിരുന്നു.മാധ്യമങ്ങളും ആരാധകരും അദ്ദേഹത്തിന്റെ ഫോട്ടോയും വീഡിയോയും എടുക്കാനായി തിങ്ങിക്കൂടിയതോടെ മറ്റ് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഉടന്‍ തന്നെ വിജയ് കൈകൂപ്പി ക്ഷമ ചോദിക്കുകയായിരുന്നു.വിജയ് ക്ഷമ ചോദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വോട്ട് ചെയ്യുന്ന വിജയ്‌യുടെ ചിത്രങ്ങളും ധാരാളം ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. വിജയ്യുടെ ഫാന്‍സ് അസോസിയേഷനും ‘വിജയ് മക്കള്‍ ഇയക്കം’ എന്ന പേരില്‍ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയ് സൈക്കിളിലെത്തി വോട്ട് ചെയ്തത് ദേശീയതലത്തില്‍ തന്നെ ഏറെ വാര്‍ത്താപ്രാധാന്യം നേടി. ഇന്ധനവിലവര്‍ധനവില്‍ പ്രതിഷേധിച്ചാണ് താരം കാര്‍ ഒഴിവാക്കി സൈക്കിളിലെത്തിയതെന്ന് മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചു. എന്നാല്‍, തിരക്കിലേക്ക് കാര്‍ കൊണ്ടുവരുമ്പോഴുള്ള അസൗകര്യം ഒഴിവാക്കാനാണ് സൈക്കിളിലെത്തിയതെന്നായിരുന്നു താരത്തിന്റെ വിമര്‍ശനം.തമിഴ്‌നാട്ടില്‍ 10 വര്‍ഷത്തിന് ശേഷം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഡിഎംകെയും എഐഎഡിഎംകെയുമാണ് മുഖ്യ കക്ഷികള്‍. 648 അര്‍ബന്‍ ലോക്കല്‍ബോഡികളിലേക്കും 12,607 വാര്‍ഡുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *