ലോകത്തിലെ ഏറ്റവും വലിയ നാദ, താള, ദൃശ്യ വിസ്മയമായ തൃശൂർ പൂരത്തിന് ഇന്ന് തുടക്കം. മഹാമാരിയെ അതിജീവിച്ച ജനത ജാതി, മത വ്യത്യാസമില്ലാതെ പൂര നഗരിയിൽ ഒത്ത് ചേരും.

ഇന്നലെ പൂര വിളംബരമായി കുറ്റൂർ നെയ്‌തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ എറണാകുളം ശിവകുമാർ വടക്കും നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര വാതിൽ തുറന്നതോടെ പൂരത്തിന് തുടക്കമായി. മഹാപൂരത്തിന് ഇന്നത്തെ എട്ട് ദേശ പൂരങ്ങളുടെ എഴുന്നള്ളത്തോടെ തുടക്കമാകും. കണിമംഗലം ദേശത്തിന്റെ എഴുന്നള്ളിപ്പാണ് ആദ്യമെത്തി തെക്കേ ഗോപുരംനട വഴി വടക്കുനാഥ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുക . തുടർന്ന്‌ പനമുക്കുംപിള്ളി, ചെമ്പൂക്കാവ്‌, പൂക്കാട്ടിക്കര കാരമുക്ക്‌, ലാലൂർ, ചൂരക്കോട്ടുകാവ്‌, അയ്യന്തോൾ, കുറ്റൂർ നെയ്‌തലക്കാവ്‌ എന്നീ ദേശങ്ങളുടെ ചെറുപൂരങ്ങളും എത്തും.

തിരുവമ്പാടി ദേവസ്വത്തിന്റെ പ്രസിദ്ധമായ മഠത്തിൽവരവ്‌ പതിനൊന്ന് മണിയോടെ ആരംഭിക്കും. പഞ്ചവാദ്യത്തിന്‌ കോങ്ങാട്‌ മധു അഞ്ചാംതവണയും പ്രാമാണികനാകും. തുടർന്നുള്ള മേളത്തിന്‌ കിഴക്കൂട്ട്‌ അനിയൻമാരാർ 12–-ാം തവണ പ്രമാണികനാകും. 12ന് പതിനഞ്ചാനപ്പുറത്ത് പാറമേക്കാവിന്റെ എഴുന്നള്ളിപ്പ്‌ തുടങ്ങും. 24–-ാം തവണ പെരുവനംകുട്ടൻ മാരാർ പ്രാമാണികനാകും.
രണ്ടരക്കാണ് മേളങ്ങളുടെ മേളമായ ഇലഞ്ഞിത്തറ മേളം നടക്കും.വൈകിട്ട് അഞ്ചരയോടെ തെക്കോട്ടിറക്കം. തുടർന്ന് കാഴ്ചയുടെ വിസ്മയമായി കുടമാറ്റം നടക്കും.

രാത്രി പാറമേക്കാവിന്റെ രാത്രി പഞ്ചവാദ്യത്തിന്‌ പരയ്‌ക്കാട്‌ തങ്കപ്പൻ പ്രാമാണികനാകും. ബുധനാഴ്‌ച പുലർച്ചെ മൂന്നിന്‌ വർണ്ണ വിസ്മയം തീർത്ത് കൊണ്ട് വെടിക്കെട്ട്.

Leave a Reply

Your email address will not be published. Required fields are marked *