ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനാൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നു.ജലനിരപ്പ് നിലവിൽ 2384.04 അടിയിലെത്തിഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ 70 സെൻറീമീറ്റ‍‍ർ ഉയർത്തി അൻപത് ഘനമീറ്റർ വെള്ളം പെരിയാറിലേക്ക് ആണ് ഒഴുക്കുന്നത്. റൂൾ കർവ് പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് അധികജലം പുറത്തേക്ക് ഒഴുക്കുന്നത്. 2383.53 അടിയാണ് ആണ് ഇടുക്കി അണക്കെട്ടിന്റെ വിലവിലെ അപ്പർ റൂൾ കർവ്. ഡാം തുറക്കുന്നതിന്റെ ഭാഗമായി പെരിയാർ തീരത്തുള്ള 79 കുടുംബങ്ങൾക്ക് നോട്ടീസ് നൽകുകയും 26 ക്യാമ്പുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്. ജനവാസ മേഖലയിലേക്ക് വെള്ളം കയറില്ലെങ്കിലും 5 വില്ലേജുകളിലും ആറ് പഞ്ചായത്തുകളിലും അതിജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം മൂന്നാർ വട്ടവട റോഡിലെ പുതുക്കടിയിൽ വീണ്ടും ഉരുൾപൊട്ടി. ഇന്നലെ ഉരുൾപൊട്ടിയ സ്ഥലത്ത് തന്നെയാണ് ഇന്ന് വീണ്ടും ഉരുൾപൊട്ടലുണ്ടായത്. അപകടത്തിൽ ഒരു വീട് ഭാഗീകമായി മണ്ണിനടിയിലായി. എന്നാൽ ആളപായമില്ല. സംഭവസ്ഥലത്ത് ഭൂമിക്കടിയിൽ നിന്നും ചില മുഴക്കം കേൾക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

കഴിഞ്ഞ ദിവസം അർധരാത്രിയും വട്ടവട മേഖലയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായിരുന്നു. മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിലാണ് ഇന്നലെ ഉരുൾപൊട്ടിയത്. രണ്ട് കടകളും ഒരു ക്ഷേത്രവും ഇന്നലെ മണ്ണിനടിയിലായിരുന്നു. രാത്രി ഒരു മണിയോടെയാണ് വട്ടവടയിൽ ഉരുൾപൊട്ടിയത്. അപകടത്തെ തുടർന്ന് സംഭവസ്ഥലത്ത് നിന്നും 175 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നാണ് ആളുകളെ അങ്ങോട്ട് മാറ്റിയത്. മൂന്നാർ വട്ടവട സംസ്ഥാന പാതയും അപകടത്തിൽ തകർന്നിരുന്നു. അപകടത്തെ തുടർന്ന് ഒറ്റപ്പെട്ട നിലയിലാണ് വട്ടവട. ഈ ഭാഗത്തേക്കുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. പുതുക്കുടിയിൽ റോഡ് തകർന്ന നിലയിലാണ്. പെട്ടിമുടി ദുരന്തത്തിൻ്റെ ഒന്നാം വാർഷികത്തിലാണ് ദുരന്തമുണ്ടായത് എന്നത് ആളുകളെ വല്ലാതെ ഭീതിയിലാഴ്ത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *