കഴിഞ്ഞ ദിവസം മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ചിത്രം ഏറെ വൈറലായിരുന്നു. മുടി അല്പം നീട്ടി കണ്ണാടിവെച്ച് ഓഫ് വൈറ്റ് കുർത്തയിലുള്ളതാണ് ചിത്രം. ഇപ്പോളിതാ, ആ ചിത്രം നടന്റെ വരും കാല ചിത്രം ബസൂക്കയിലേതാണോ എന്നാണ് ചർച്ചകൾ നടക്കുന്നത്.

പുഴു, റോഷാക് എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി മലയാളത്തിൽ അഭിനയിക്കുന്ന ത്രില്ലർ ചിത്രമാണ് ബസൂക്ക . തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ബസൂക്ക. മമ്മൂട്ടി ചിത്രം പങ്കുവെച്ചതിന് പിന്നാലെ, ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ നിമിഷ് രവി ബസൂക്ക എന്ന ഹാഷ് ടാഗോടെ തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഇതേ ചിത്രം പങ്കുവെച്ചു. പിന്നാലെ ഡിനോ ഡെന്നീസും ഇത് തുടർന്നതാണ് നിലവിലെ ചർച്ചകൾക്ക് വഴിവെച്ചത്.

‘ടേക്കിംഗ് ദ ബാക്ക് സീറ്റ്’ എന്നാണ് ഫോട്ടോ പങ്കുവച്ച് മമ്മൂട്ടി കുറിച്ചത്. പിന്നാലെ കമന്റുകളുമായി ആരാധകരും സിനിമാസ്വാദകരും രംഗത്തെത്തി. ‘ഇതൊക്കെ കണ്ടാൽ പിന്നെ ലൈക്‌ അടിക്കാതെ… രാജകീയം’, ‘ഈ വർഷം സെപ്റ്റംബറിൽ 7 അല്ല 72 വയസ് തികയുകയാണ്..’, ’90 വയസായാൽ ഇതിലും ചെറുപ്പമാകും’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. നടനും സ്റ്റൈലിസ്റ്റുമായ ഷാനി ഷാക്കി എടുത്തതാണ് ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *