ബിഗ് ബോസിൽ അഖിൽ മാരാറുടെ ആധിപത്യമാണെന്ന് മുൻ ബിഗ് ബോസ് മത്സരാർഥി ഫിറോസ് ഖാൻ. അഖിൽ മാരാറിനൊത്ത എതിരാളികൾ അവിടെ ഇല്ലെന്നും പലരും ഉറങ്ങികിടക്കുകയാണെന്നും അദ്ദേഹം
മാധ്യമങ്ങളോട് പറഞ്ഞു.

റോബിനും രജിത് കുമാറിനും ശേഷം ബിഗ് ബോസ് സീസൺ ഫൈവിൽ അതിഥികളായി എത്തിയവരാണ് ഫിറോസ് ഖാനും റിയാസ് സലീമും. കോടതി ടാസ്ക് എന്ന ഗെയിമിന്റെ ഭാഗമായാണ് ഇരുവരും ബിഗ് ബോസ് ഹൗസില്‍ എത്തിയത്. ടാസ്ക് പൂർത്തിയാക്കി ബിഗ് ബോസ് ഹൗസിൽ നിന്നും തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഫിറോസ്.

‘‘ബിഗ് ബോസ് ഹൗസിൽ ആരൊക്കെ നിൽക്കണമെന്നത് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. അത് മുന്നില്‍ കണ്ട് കളിക്കുന്നിടത്താണ് ഒരാളുടെ വിജയം. മാരാരെക്കുറിച്ചാണ് അവിടെ എല്ലാവരും സംസാരിക്കുന്നതെങ്കില്‍ അത് അയാളുടെ വിജയമാണ്. മുന്‍കാല ചരിത്രങ്ങള്‍ നോക്കിയാല്‍ അറിയാം. ഒരാളെക്കുറിച്ച് ചർച്ച ചെയ്യപ്പെട്ടാല്‍ അയാൾ വിജയിച്ചുവെന്നാണ് അർഥം.

ഞങ്ങൾ പോകുന്നതുവരെ കപ്പ് മാരാർക്ക് തന്നെയാണെന്നത് നൂറു ശതമാനം ഉറപ്പായിരുന്നു. എന്നാൽ ഞങ്ങൾ അവിടെയെത്തി അവരോട് പറഞ്ഞുകൊടുത്തിരിക്കുന്ന കാര്യങ്ങൾ തലയിലേക്ക് കയറി കഴിഞ്ഞാൽ കളി മാറും. കാരണം വിഷ്ണുവൊക്കെ നല്ല ഫയറുള്ള ഗെയിമറാണ്. ഇനിയുള്ള അവസരങ്ങളിൽ മാറുമെന്നാണ് വിശ്വാസമെന്നും ഫിറോസ് ഖാ‍ൻ പറഞ്ഞു.

അതേസമയം ഇതൊരിക്കലും സ്ക്രിപ്റ്റഡ് അല്ല. നൂറു ശതമാനം സത്യസന്ധമായി നടത്തുന്ന പരിപാടിയാണിത്. ബിഗ് ബോസ് ആരെയും പറ്റിക്കുന്നില്ല. റോബിനാണ് എല്ലാവരെയും പറ്റിച്ചത്.’’–ഫിറോസ് ഖാ‍ൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *