ലാൻഡ് റോവർ ഇന്ത്യയിൽ എത്തിച്ചിട്ടുള്ള ഐതിഹാസിക എസ്.യു.വി. മോഡലായ ഡിഫൻഡർ സ്വന്തമാക്കി ബോളിവുഡ് സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചൻ. ഡിഫൻഡറിന്റെ 130 എച്ച്.എസ്.ഇ. മോഡലാണ് ബിഗ് ബിയു സ്വന്തമാക്കിയിരിക്കുന്നത്. സെഡോണ റെഡ് നിറത്തിൽ ഒരുങ്ങിയിട്ടുള്ള ആഡംബര എസ്.യു.വിക്ക് 1.30 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വിലയെന്നാണ് റിപ്പോർട്ട്.

ലാൻഡ് റോവർ ഡിഫൻഡറിന്റെ 90, 110 മോഡലുകൾ മുൻപ് തന്നെ ഇന്ത്യയിൽ എത്തിയിരുന്നെങ്കിലും ഡിഫൻഡർ 130 എന്ന മോഡൽ ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഡിഫൻഡർ എസ്.യു.വിയുടെ ലോങ്ങ് വീൽ ബേസ് മോഡലായാണ് 130 പതിപ്പ് എത്തിയിരിക്കുന്നത്. എച്ച്.എസ്.ഇ, എക്‌സ് എന്നീ രണ്ട് വേരിയന്റുകളിൽ പെട്രോൾ, ഡീസൽ എൻജിനുകളിലാണ് ഈ പതിപ്പ് എത്തിയിട്ടുള്ളത്. ഡീസൽ പതിപ്പാണ് അദ്ദേഹം സ്വന്തമാക്കിയതെന്നാണ് സൂചന.

ലാൻഡ് റോവറിന്റെ പുതുതലമുറ ഡി7എക്സ് ആർക്കിടെക്ച്ചറിൽ മോണോകോക്ക് ഷാസിയിലാണ് ഡിഫൻഡർ ഒരുങ്ങിയിരിക്കുന്നത്. 5018 എം.എം നീളവും 2105 എം.എം വീതിയും 1967 എം.എം ഉയരവും 3022 എം.എം. വീൽബേസിലും ഐതിഹാസിക മോഡലിലെ ബോക്‌സി രൂപം നിലനിർത്തിയാണ് ഡിഫൻഡർ നിർമിച്ചത്.
ലാൻഡ് റോവറിന്റെ പിവി പ്രോ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ 11.4 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഇതിൽ നൽകിയിട്ടുള്ളത്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ക്യാമറകൾ, ആഡംബര തുളുമ്പുന്ന സീറ്റുകൾ, സ്റ്റൈലിഷായി ഒരുങ്ങിയിട്ടുള്ള ഡാഷ്‌ബോർഡ് തുടങ്ങിയവയാണ് ഈ വാഹനത്തിനെ അലങ്കരിക്കുന്ന പ്രധാന ഘടകങ്ങൾ.

പെട്രോൾ എൻജിനിലും ഈ വാഹനം എത്തുന്നുണ്ട്. 3.0 ലിറ്റർ പി400 ആറ് സിലിണ്ടർ പെട്രോൾ എൻജിൻ 389 ബി.എച്ച്.പി. പവറും 550 എൻ.എം.ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *