എടക്കാട് ബറ്റാലിയൻ എന്ന സിനിമ വിജയമാകാതിരുന്നപ്പോൾ ചിത്രത്തിലെ നായിക സംയുക്ത പ്രതിഫലത്തിന്റെ ബാക്കി വേണ്ടെന്ന് വെച്ചുവെന്ന് സിനിമയുടെ നിർമാതാവായിരുന്ന സാന്ദ്ര തോമസ്. പന്ത്രണ്ട് വര്‍ഷത്തെ സിനിമ അനുഭവത്തില്‍ നിന്ന് എന്നെന്നും നന്ദിയോടെ ഓര്‍ക്കുന്ന ഒരേടാണിതെന്ന് സംയുക്തയെ കുറിച്ച് ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പിൽ സാന്ദ്ര തോമസ് വ്യക്തമാക്കി.

മുഴുവൻ ശമ്പളവും കിട്ടാതെ ഡബ്ബ് ചെയ്യാതിരിക്കുകയും പ്രൊമോഷന് ഇറങ്ങാതെ ഇരിക്കുകയും ചെയ്യുന്ന എല്ലാ ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും സംയുക്ത ഒരു പാഠപുസ്തകം ആണെന്നും കുറിപ്പിൽ പറയുന്നു. കൂടാതെ സംയുക്തയെപ്പോലുള്ള താരങ്ങള്‍ മലയാള സിനിമയ്ക്ക് ആവശ്യമാണെന്നും സാന്ദ്ര കുറിച്ചു. ബൂമറാങ്’ എന്ന സിനിമയുടെ പ്രമോഷന് വരാതിരുന്നതിന്റെ പേരില്‍ സംയുക്ത വിമർശനങ്ങൾ നേരിട്ട സാഹചര്യത്തിലാണ് സാന്ദ്രയുടെ ഫേസ്ബുക്ക് കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പന്ത്രണ്ട് വര്‍ഷത്തെ എന്റെ സിനിമ അനുഭവത്തില്‍ നിന്ന് എന്നെന്നും നന്ദിയോടെ ഓര്‍ക്കുന്ന ഒരേട് ഇവിടെ കുറിക്കുന്നു.

എടക്കാട് ബറ്റാലിയന്‍ സിനിമക്ക് മുന്‍പ് എട്ട് ചിത്രങ്ങളും അതിന് ശേഷം രണ്ട് ചിത്രങ്ങളും നിര്‍മിച്ച ഒരു നിര്‍മാതാവാണ് ഞാന്‍. എടക്കാട് ബറ്റാലിയന്‍ സിനിമയില്‍ നായികയായി തീരുമാനിച്ചത് സംയുക്തയെ ആയിരുന്നു. ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചാണ് ആദ്യമായി ആ കുട്ടിയെ ഞാന്‍ കാണുന്നത്. പിന്നീട് ഷൂട്ട് തുടങ്ങി ഒരു 20 ദിവസം കഴിഞ്ഞപ്പോള്‍ എനിക്കൊരു കാള്‍. ‘ചേച്ചിക്ക് ബുദ്ധിമുട്ടാവില്ലെങ്കില്‍ കല്യാണത്തിന്റെ സീനിലേക്കു എനിക്കൊരു മേക്കപ്പ് ആര്‍ടിസ്റ്റിനെ വെച്ച് തരാമോ’. അത് നമ്മുടെ സിനിമക്കും ഗുണം ചെയ്യുന്ന കാര്യം ആയതുകൊണ്ട് ഉടനെ തന്നെ ഞാന്‍ ഓക്കേ പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് ലൊക്കേഷനില്‍ ചെന്നപ്പോള്‍ സംയുക്ത എന്നോട് പറഞ്ഞു, ഇന്ന് എന്റെ ഗ്രാറ്റിറ്റിയൂട് ബുക്കില്‍ ഞാന്‍ ചേച്ചിക്കാണ് നന്ദി എഴുതിയിരിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു അത്ഭുതം ആയിരുന്നു, കാരണം ഒരു നിര്‍മാതാവെന്ന എന്ന നിലയില്‍ ആദ്യമായി നന്ദി കിട്ടിയ ഒരനുഭവം ആയിരുന്നു. സാധാരണ എന്ത് ചെയ്ത് കൊടുത്താലും അതെല്ലാം നിര്‍മാതാവിന്റെ കടമയായി മാത്രമേ എല്ലാരും കാണു. അന്നേ ദിവസം ഞാനും ആ കുട്ടിയെ നന്ദിയോടെ ഓര്‍ത്തു.

മാസങ്ങള്‍ കഴിഞ്ഞ് സിനിമ റിലീസിനോട് അടുത്തു. നിശ്ചയിച്ച് ഉറപ്പിച്ച ശമ്പളത്തിന്റെ 65% മാത്രമേ സംയുക്തക്ക് കൊടുക്കാന്‍ സാധിച്ചിട്ടുള്ളു. ഞാന്‍ സംയുക്തയെ വിളിച്ച് കുറച്ചു സമയം ആവശ്യപ്പെട്ടു. ഒരു മടിയും പറയാതെ അതിനെന്താ ചേച്ചി നമ്മുടെ സിനിമയല്ലേ കുഴപ്പമില്ല എന്നായിരുന്നു മറുപടി. സിനിമ റിലീസായി രണ്ടാമത്തെ ദിവസം സംയുക്ത എനിക്കൊരു മെസ്സേജ് അയച്ചു. ചേച്ചി നമ്മുടെ സിനിമ അത്ര വിജയിച്ചില്ല എന്നെനിക്കറിയാം. ചേച്ചിക്ക് സാമ്പത്തികമായി നമ്മുടെ സിനിമ ഗുണം ചെയ്തിട്ടുണ്ടാവില്ല. അതുകൊണ്ട് എനിക്ക് തരാനുള്ള ബാലന്‍സ് പൈസ എനിക്ക് വേണ്ട. ചേച്ചി എത്ര നിര്‍ബന്ധിച്ചാലും അത് ഞാന്‍ വാങ്ങില്ല. നമുക്ക് അടുത്തൊരു അടിപൊളി പടം ഒരുമിച്ചു ചെയ്യാം. ആ കുട്ടിയുടെ വലിയ മനസിന് മുന്നില്‍ എനിക്ക് തലകുനിക്കേണ്ടി വന്നു.

മുഴുവന്‍ ശമ്പളവും കൊടുക്കാതെ ഡബ്ബ് ചെയ്യാതിരിക്കുകയും പ്രൊമോഷന് ഇറങ്ങാതെ ഇരിക്കുകയും ചെയ്യുന്ന എല്ലാ ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും സംയുക്ത ഒരു പാഠപുസ്തകം ആണ്. പടം വിജയിച്ചാലും പരാജയപ്പെട്ടാലും അത് ഒരുപോലെ അഫെക്ട് ചെയ്യുന്നത് നിര്‍മാതാവിന് മാത്രമായിരിക്കും. കാരണം പരാജയം ആണെങ്കില്‍ എല്ലാവരും അവനവന്റെ പൈസ വാങ്ങി പോക്കറ്റില്‍ ഇട്ടിട്ടുണ്ടാവും. ഒരു വര്‍ഷം മുന്നൂറില്‍ കൂടുതല്‍ ചിത്രങ്ങള്‍ ഇറങ്ങുന്ന കേരളത്തില്‍ വിജയിക്കുന്നത് വെറും 5% ചിത്രങ്ങള്‍ മാത്രമാണ്. ഇതിന്റെയൊക്കെ നിര്‍മാതാക്കളെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ഇതുപോലെയുള്ള നടിനടന്മാര്‍ മലയാളസിനിമയ്ക്ക് ആവശ്യമാണ്. ഇത് എന്റെ ഒരു അനുഭവം ആണ്… ഇപ്പോള്‍ പറയണമെന്ന് തോന്നി പറഞ്ഞു അത്രേ ഉള്ളു

Leave a Reply

Your email address will not be published. Required fields are marked *