അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാൻ സന്ദര്‍ശനത്തില്‍ പ്രകോപിതരായി ചൈന. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ചൈനീസ് മുന്നറിയിപ്പ് മറികടന്ന് ഏഷ്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി നാന്‍സി പെലോസി തായ്വാനിലെത്തിയത്. യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് പെലോസി തായ്‌വാൻ വിമാനമിറങ്ങിയത്. 25 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു യു.എസ് ഉന്നത പദവിയിലിരിക്കുന്ന വ്യക്തി തായ്‌വാൻ സന്ദര്‍ശിക്കുന്നത്.

പെലോസിയുടെ തായ്‌വാൻ സന്ദര്‍ശനത്തില്‍ പ്രകോപിതരായി ചൈന അതിര്‍ത്തിയില്‍ സൈനിക സന്നാഹം കൂട്ടുന്നതായി റിപ്പോര്‍ട്ട്. കൂടാതെ, ദ്വീപ് തങ്ങളുടെ ഭാഗമാണെന്നു വ്യക്തമാക്കി ചുറ്റുമുള്ള സമുദ്രത്തില്‍ സൈനിക അഭ്യാസങ്ങള്‍ ചൈന നടത്തി. ബെയ്ജിങ്ങിലെ യുഎസ് അംബാസ്സഡറെ വിളിച്ചുവരുത്തുകയും തായ്‌വാനില്‍നിന്നുള്ള നിരവധി കാര്‍ഷിക ഇറക്കുമതികള്‍ താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തു. ഇനിയും കൂടുതല്‍ പ്രകോപനപരമായ നടപടികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍..

തങ്ങളുടെ മണ്ണിലേക്ക് അതിക്രമിച്ചു കടന്നാല്‍ മിണ്ടാതിരിക്കില്ലെന്ന് തായ്‌വാൻ മുന്നറിയിപ്പ് കൂടി നല്‍കിയതോടെ ഏഷ്യാ വന്‍കര മറ്റൊരു സംഘര്‍ഷത്തിന്റെ ഭീതിയിലായി. തായ്‌വാൻ ജനതയെ ഉപേക്ഷിക്കാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്ന് നാന്‍സി പെലോസി പ്രഖ്യാപിച്ചു.

അമേരിക്കന്‍ ജനപ്രതിനിധി സഭാ സ്പീക്കറായ നാന്‍സി പെലോസിയെന്ന 82കാരി തായ്‌വാനിലേക്ക് നടത്തിയ സന്ദര്‍ശനം അമേരിക്ക – ചൈന ബന്ധത്തിലെ തീപ്പൊരി ആളിക്കത്തിച്ചിരിക്കുകയാണ്.

അതേസമയം, അമേരിക്കയുടെ ബന്ധം എന്നും ശക്തമായിരിക്കും, അതാണ് ഇപ്പോള്‍ നല്‍കുന്ന സന്ദേശം എന്നും നാന്‍സി പെലോസി വ്യക്തമാക്കി. തായ്‌വാൻ പാര്‍ലമെന്റില്‍ സംസാരിക്കുന്നതിനിടെയാണ് നാന്‍സി ലക്ഷ്യം വ്യക്തമാക്കിയത്.

43 വര്‍ഷം മുമ്പ് യു എസ് തായ്‌വാന് വാഗ്ദാനം ചെയ്തതാണ് എന്നും ഒപ്പം ഉണ്ടാകും എന്ന്. രാജ്യത്തിന്റെ നിശ്ചയദാര്‍ഢ്യവും ധൈര്യവും നിലവിലെ പ്രതിസന്ധികളെ നേരിടാന്‍ സഹായിക്കും, അത് വഴി സമാധാനം സൃഷ്ടിക്കാന്‍ സാധിക്കും. അഭിവൃദ്ധി പ്രഖ്യാപിച്ച് കൊണ്ടിരിക്കുന്ന സ്വതന്ത്ര ജനാധിപത്യ രാജ്യമാണ് തായ്‌വാനെന്നും അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *