കുമളി ∙ ചിന്നക്കനാലിൽ പ്രദേശവാസികളെ വിറപ്പിച്ച അരിക്കൊമ്പന്‍ എന്ന കാട്ടാന ഇന്നലെ രാത്രിയും ജനവാസമേഖലയിലിറങ്ങി. തമിഴ്നാട്ടിലെ മേഘമല ഹൈവേസ് ഡാമിനുസമീപം കൃഷി നശിപ്പിക്കാന്‍ ആന ശ്രമിച്ചു. തൊഴിലാളികളും വനപാലകരും ചേര്‍ന്ന് ആനയെ കാട്ടിലേയ്ക്ക് തുരത്തി.

മഴമേഘങ്ങള്‍മൂലം റേഡിയോ കോളര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം മേഘമലയിൽ തേയിലത്തോട്ടത്തിൽനിന്നു കാട്ടിലേക്ക് അരിക്കൊമ്പൻ നടന്നു പോകുന്ന വിഡിയോ ദൃശ്യം പുറത്തുവന്നിരുന്നു. അരിക്കൊമ്പനെ പേടിച്ചു കഴിയുകയാണു തമിഴ്നാട് അതിർത്തിയിലെ ജനങ്ങളും വനം വകുപ്പും.

തമിഴ്നാട് വനമേഖലയോടു ചേർന്ന്, ജനവാസമുള്ള സ്ഥലമാണു മേഘമല. ഈ പ്രദേശത്ത് രാത്രിയും പകലും നിരീക്ഷണത്തിനായി തമിഴ്നാട് വനംവകുപ്പ് 120 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചു. മേഘമല, ഇരവിങ്കലാർ, മണലാർ മേഖലകളിൽ രാത്രി യാത്ര ഒഴിവാക്കണമെന്നു മുന്നറിയിപ്പും നൽകി.

Leave a Reply

Your email address will not be published. Required fields are marked *