പേരിലെ കൗതുകം കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന ചില സിനിമകളുണ്ട്. വളരെ കൗതുകവും വിരളമായതുമാകും ഇത്തരം പേരുകൾ. അത്തരത്തിൽ വീണ്ടുമൊരു സിനിമ കൂടി മലയാളത്തിൽ എത്തിയിരിക്കുന്നു. ‘ചീനാട്രോഫി’. അനില്‍ ലാലിന്റെ സംവിധാനത്തിൽ തിയറ്ററുകളിൽ എത്തിയ സിനിമയെ, കോമഡി-ഫാമിലി എന്റർടെയ്നർ എന്ന് ഒറ്റവാക്കിൽ പറയാം. ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, കെപിഎസി ലീല, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ധ്യാൻ അവതരിപ്പിക്കുന്ന രാജേഷ് എന്ന കഥാപാത്രത്തിലൂടെ ആണ് സിനിമ കഥ പറഞ്ഞ് പോകുന്നത്. ചെറുപ്പകാലത്തെ മാതാപിതാക്കൾ നഷ്ടമായ രാജേഷ് ബേക്കറി പലഹാരങ്ങൾ ഉണ്ടാക്കുന്ന ചെറിയൊരു കട നടത്തുന്നുണ്ട്. ഇതാണ് അയാളുടെ ഏക ഉപജീവനമാർ​ഗവും. രാജേഷിന്റെ സന്തത സഹചാരിയാണ് വിജിചേട്ടൻ(ജാഫർ ഇടുക്കി). രാജേഷിന്റെ എല്ലാ കാര്യങ്ങൾക്കും ഒപ്പം നിൽക്കുന്നൊരാളാണ് ഇദ്ദേഹം. തങ്ങൾ ഉണ്ടാക്കിയ പല​ഹാരത്തിന്റെ പേരിൽ ഒരു പ്രശ്നം ഉണ്ടാകുകയും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ആദ്യപകുതി. പലിശ, കടം, സഹോദരിയുടെ ‘ഒസ്കർ അഭിനയം’ തുടങ്ങിയവയിൽ പെട്ടുഴലുന്ന രാജേഷിന്റെ ലൈഫിലേക്ക് അപ്രതീക്ഷിതമായി ചൈനയിൽ നിന്നും സെൻ സുവ(ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഫെയിം കെന്റി സിര്‍ദോ) വരുകയും ശേഷം നടക്കുന്ന സംഭവ വികാസങ്ങളുമാണ് രണ്ടാം പകുതി. ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയ സൂരജ് സന്തോഷും വർക്കിയും കയ്യടി അർഹിക്കുന്നുണ്ട്. ​ഗ്രമത്തിന്റെ മനോഹര ഷോട്ടുകൾ ഒപ്പിയെടുത്ത സന്തോഷ് അണിമയും മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു. സിനിമയിലെ എല്ലാ കഥാപാത്രങ്ങളും അവരവരുടെ ഭാ​ഗങ്ങൾ കൃത്യവും വ്യക്തവുമായി അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്. കേന്ദ്രകഥാപാത്രമായ കെന്റി സിര്‍ദോ മാസായി അഭിനയിച്ചിട്ടുണ്ട്. കെന്റിയുടെ കലക്കൻ ഫൈറ്റൊക്കെ പ്രശംസനീയമാണ്. എപ്പോഴത്തേയും പോലെ ധ്യാനും രാജേഷ് ആയി കസറിയിട്ടുണ്ട്. ഷെഫ് പിള്ളയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്നത് ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *