തമിഴ്‌നാട് വിരുദുനഗറിലെ സ്വകാര്യ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം. ഒരു സ്ത്രീ അടക്കം മൂന്ന് തൊഴിലാളികള്‍ അപകടത്തില്‍ മരിച്ചു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് അപകടത്തില്‍ മരിച്ചത്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ വിരുദുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെയായിരുന്നു വിരുദുനഗര്‍ ജില്ലയിലെ കരിയപ്പെട്ടിയില്‍ അപകടം ഉണ്ടാകുന്നത്. ഏതാണ് 30 ത്തോളം മുറികളിലായാണ് ഇവിടെ പടക്കം നിര്‍മിച്ചുകൊണ്ടിരുന്നത്. രാവിലെ തൊഴിലാളികള്‍ ജോലിക്കായി എത്തിയപ്പോഴായിരുന്നു താഴത്തെ നിലയിലെ മുറിയില്‍ പൊട്ടിത്തെറി ഉണ്ടാകുന്നത്. ഈ മുറി പൂര്‍ണമായും അപകടത്തില്‍ തകര്‍ന്നു. സ്ഥലത്ത് കളക്ടറടക്കമുള്ളവര്‍ എത്തിയിട്ടുണ്ട്. രജിസ്ട്രേഷന്‍ ഉള്ള പടക്ക നിര്‍മാണ സ്ഥാപനമാണിത്. സംഭവത്തില്‍ കരിയപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.