കടുവ സിനിമയില്‍ ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന സംഭാഷണത്തില്‍ മാപ്പ് പറയുന്നുവെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. തിരുവനന്തപുരത്ത് സംഘടിപ്പിച്ച വാര്‍ത്തസമ്മേളനത്തിലായിരുന്നു പ്രതികരണം. നടന്‍ പൃഥ്വിരാജ്, സംവിധായകന്‍ ഷാജി കൈലാസ്, നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തിനെത്തിയിരുന്നു. ചിത്രത്തിലെ സംഭാഷണം ഒഴിവാക്കിയിട്ടുണ്ടെന്നും നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

‘ഈ ഡയലോഗ് മൂലം വേദനിച്ച എല്ലാവര്‍ക്കും ഉള്ളില്‍ നിന്നും തന്നെ ക്ഷമ ചോദിക്കുന്നു. ഇനി പറയുന്ന കാര്യങ്ങളെ ഞങ്ങളിലേക്ക് ഉന്നയിക്കപ്പെട്ട തെറ്റുകള്‍ ന്യായീകരിക്കുന്നതായോ വാദങ്ങള്‍ ഉന്നയിക്കുനതയോ കാണരുത്. ഈ സംഭവം നടന്ന സമയത്ത് എന്തായിരുന്നു ഞങ്ങളുടെ കാഴ്ച്ചപ്പാട് എന്നാണ് പറയുന്നത്. ചിലപ്പോള്‍ ആ കാഴ്ച്ചപ്പാട് കൊണ്ടായിരിക്കാം അത് ഞങ്ങള്‍ക്ക് മിസ്സ് ചെയ്തത്. പറയാന്‍ പാടില്ലാത്ത ഒരു കാര്യം കുര്യച്ചന്‍ ജോസഫിനോട് പറയുന്നു എന്ന് തന്നെയാണ് ആ ഡയലോഗ് കൊണ്ട് ഞങ്ങള്‍ ഉദ്ദേശിച്ചത്. അതുകൊണ്ടാണ് അതിന് ശേഷം കുര്യച്ചന്‍ അത് പറയേണ്ടായിരുന്നു എന്ന തരം എക്‌സ്പ്രഷന്‍ ഇടുന്നതും. എന്നാല്‍ സിനിമയുടെ നായക സ്ഥാനത്ത് നില്‍ക്കുന്നയാള്‍ അങ്ങനെ പറയുമ്പോള്‍ സിനിമ അത്തരം ഒരു കാഴ്ച്ചപ്പാടിനെ അംഗീകരിക്കുന്നു എന്ന് ഒരു പ്രേക്ഷകന് തോന്നിയാല്‍ അതിനെ നമുക്ക് തെറ്റ് പറയാന്‍ സാധിക്കുകയില്ല. എന്തുകൊണ്ട് അഭിനയിച്ചപ്പോഴോ ഡബ്ബ് ചെയ്തപ്പോഴോ തോന്നിയില്ല എന്ന് ചോദിച്ചാല്‍ അങ്ങനെ തോന്നിയില്ല എന്നത് കൊണ്ടാണ് മാപ്പ് ചോദിച്ചത്.

മാപ്പ് ചോദിച്ചതിന് ശേഷം എന്ത് ചെയ്തു എന്ന ചോദ്യത്തിനും ഉത്തരം നല്‍കേണ്ടതുണ്ട്. മിനിഞ്ഞാന്ന് വൈകുന്നേരം ആണ് ഇത്തരം ഒരു പ്രശ്‌നം ഉണ്ടെന്ന് ഞങ്ങള്‍ അറിയുന്നത്. അപ്പോള്‍ തന്നെ മാപ്പ് അപേക്ഷിക്കണം എന്നും ആ ഡയലോഗ് സിനിമയില്‍ നിന്നും എടുത്ത് കളയണം എന്നും ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ഇന്നത്തെ നിയമങ്ങള്‍ പ്രകാരം ഒരു സിനിമയില്‍ നിന്നും ഒരു സംഭാഷണം എടുത്തു കളയണം എങ്കില്‍ വീണ്ടും അത് സെന്‍സര്‍ ബോര്‍ഡിന് അയക്കണം, സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കണം. എന്നിട്ട് മാത്രമേ നമുക്ക് അത് ക്യൂബിനും യുഎഫ്ഓയ്ക്കും അപ്ലോഡിനും അയക്കണം പറ്റുകയുള്ളു. ഇന്നലെ ഞായറാഴ്ച്ച ആയിരുന്നു. സിബിഎഫ്‌സിയ്ക്ക് അവധിയായിരുന്നു. ഇന്ന് പുതിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് അയച്ചിട്ടുണ്ട്. അത് അപ്രൂവ് ചെയ്തു കിട്ടിയാല്‍ ഉടന്‍ തന്നെ അത് ഞങ്ങള്‍ അയക്കും. അതാണ് ഈ പ്രശനത്തിലെ സ്റ്റാറ്റസ്. എന്നാല്‍ ഇതൊന്നും ഒരിക്കലും ന്യായീകരണമായി പറയുന്നതല്ല. ഞങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരുന്ന, എന്നാല്‍ ഞങ്ങള്‍ ശ്രദ്ധിക്കാതെ പോയ വലിയ ഒരു തെറ്റ് അതിലുണ്ട്. അതില്‍ ഞങ്ങള്‍ ക്ഷമ പറയുന്നു.’ – പൃഥ്വിരാജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *