ജി അരവിന്ദന്റ കുമ്മാട്ടി എന്ന ചിത്രത്തെ പ്രശംസിച്ച് ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോസെസി.കുമ്മാട്ടിയുടെ റീമാസ്റ്റര്‍ ചെയ്ത പതിപ്പ് ഫിലിം ഫൗണ്ടേഷന്‍ റീസ്റ്റോറേഷന്‍ സ്‌ക്രീനിങ് റൂമില്‍ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് സ്‌കോസെസി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.മനോഹരമായ ഹൃദയഗ്രാഹിയായ, അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരം. കുമ്മാട്ടി എന്തായാലും കാണേണ്ട ഒരു ചിത്രമാണ്. ഇന്ത്യയുടെ പുറത്ത് ഈ സിനിമ അങ്ങനെ ലഭ്യമല്ലാത്തതിനാല്‍ എന്തായാലും ചിത്രം കാണണമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് അരവിന്ദന്‍ സംവിധാനം ചെയ്ത സിനിമയാണ് കുമ്മാട്ടി. കാവാലം നാരായണപ്പണിക്കരാണ് കഥയും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്. 1979ല്‍ കേരള സര്‍ക്കാരിന്റെ കുട്ടികള്‍ക്കുള്ള മികച്ച ചിത്രത്തിനുള്ള അവാര്‍ഡ്ഡ് ചിത്രം നേടിയിരുന്നു. ഐത്യഹ്യവും കടങ്കഥയും കെട്ടുപ്പിണഞ്ഞു കിടക്കുന്ന ഒരു ചെറുകഥയെ മനോഹരമായ വായ്ത്താളങ്ങളോടെ ദൃശ്യാവിഷ്‌കാരം നടത്തിയ സിനിമയാണ് കുമ്മാട്ടി.മാര്‍ട്ടിന്‍ സ്‌കോസെസിയുടെ ഫിലിം ഫൗണ്ടേഷന്‍, ഇറ്റലിയിലെ ബൊലോഗ്‌ന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിനിടെക്ക ഡി ബൊലോഗ്‌ന എന്നിവയുടെ സഹകരണത്തോടെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ചിത്രത്തിന്റെ നവീകരിച്ച 4കെ പതിപ്പ് തയ്യാറാക്കിയിരുന്നു.

4കെ പതിപ്പിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം 2022ലെ കേരളാ രാജ്യാന്തര ചലച്ചിത്രമേളയിലാണ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *