ഇന്റര്‍പോള്‍ തിരയുന്ന അന്താരാഷ്ട്ര കുറ്റവാളിയും ക്രിപ്‌റ്റോ കിങ്പിനുമായ ലിത്വാനിയന്‍ സ്വദേശി വര്‍ക്കല പോലീസ് പിടിയിലായി. അമേരിക്കയിലെ കള്ളപ്പണ കേസില്‍ പ്രതിയായ ലിത്വാനിയ സ്വദേശി ബെഷ്യോകോവ് അലക്‌സെസ് (46) ആണ് ഇക്കഴിഞ്ഞ ദിവസം പിടിയിലായത്. കുരയ്ക്കണ്ണിയിലെ ഒരു ഹോംസ്റ്റേയില്‍ ഭാര്യയും മക്കള്‍ക്കും ഒപ്പം ആയിരുന്നു താമസം. ഭാര്യയും മക്കളെയും വിദേശത്തേക്ക് കടത്തിയതിനു ശേഷം പതിനൊന്നാം തീയതി വൈകുന്നേരം പ്രതി റഷ്യയിലേക്ക് മടങ്ങാനൊരുങ്ങുന്നതിന് പിന്നാലെയാണ് വര്‍ക്കല പോലീസിന്റെ പിടിയിലാവുന്നത്.

ഇയാള്‍ ലിത്വാനിയ സ്വദേശിയാണെങ്കിലും റഷ്യയില്‍ സ്ഥിരതാമസക്കാരനാണ്. ഇയാള്‍ക്കെതിരെ ഡല്‍ഹി പാട്യാല കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ ആറ്റിങ്ങല്‍ സബ്ജിയിലേക്ക് മാറ്റി. ശേഷം ഡല്‍ഹിയിലെ പാട്യാല കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം വര്‍ക്കല ഡിവൈഎസ്പി ഗോപകുമാറിന്റെ നേതൃത്വത്തില്‍ വര്‍ക്കല എസ്എച്ചഒ ധിപിനും ബീച്ച് പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *