കൊച്ചി: തലശേരിയില്‍ ബി.ജെ.പി- സി.പി.എം സംഘര്‍ഷമുണ്ടായപ്പോള്‍ ഇടപെട്ട പൊലീസിനെ സി.പി.എം ക്രിമിനലുകള്‍ നിലത്തിട്ട് ചവിട്ടിക്കൂട്ടി. ഈ സംഭവത്തില്‍ അറസ്റ്റിലായ പ്രതിയെ സി.പി.എം നേതാക്കള്‍ ബലമായി മോചിപ്പിച്ചു. ഇപ്പോള്‍ വനിത ഉള്‍പ്പെടെ രണ്ട് എസ്.ഐമാര്‍ക്കെതിരെ നടപടി എടുത്തിരിക്കുകയാണ്. ഇത് എന്ത് പൊലീസാണ് മിസ്റ്റര്‍ പിണറായി വിജയന്‍? പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിയായി ഇരിക്കുമ്പോള്‍ പൊലീസ് എടുത്ത കേസില്‍ അതേ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിലൂടെ എന്ത് നീതിയാണ് നടപ്പാക്കുന്നത്. പൊലീസിന്റെ ആത്മവീര്യം തകര്‍ക്കുന്ന സംഭവമാണ് തലശേരിയില്‍ ഉണ്ടായത്. പൊലീസിനെക്കാള്‍ വലുതാണ് സി.പി.എം എന്ന സന്ദേശമാണ് നിങ്ങള്‍ നല്‍കിയത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

അമ്പലത്തില്‍ ഉത്സവം നടക്കുമ്പോള്‍ എന്തിനാണ് ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കുന്നത്. ഇപ്പോള്‍ സി.പി.എമ്മുകാര്‍ അമ്പലത്തില്‍ പോയി പുഷ്പനെ അറിയമോ എന്ന പാട്ട് പാടുകയാണ്. അക്രമം ഇല്ലാതാക്കേണ്ടത് പൊലീസിന്റെ ചുമതലയല്ലേ? നേരത്തെ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയെയാണ് ഇവിടെയും അറസ്റ്റു ചെയ്തത്. അയാളെ വണ്ടിയില്‍ കയറ്റിയപ്പോഴാണ് നേതാക്കള്‍ ഇടപെട്ട് മോചിപ്പിച്ചത്. ഇത് സംസ്ഥാനത്ത് എല്ലായിടത്തും നടക്കുകയാണ്. എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് പൊലീസിനെ ആക്രമിക്കുന്നത്. പൊലീസിനെക്കാള്‍ പാര്‍ട്ടിയിലെ ക്രിമിനലുകളാണ് പിണറായി വിജയന് വലുതെന്നാണ് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നത്. ഇതിലൂടെ കേരളത്തിന് സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം അപകടകരമാണ്.

മഹാത്മജി ശിവഗിരിയില്‍ എത്തി ശ്രീനാരായണ ഗുരുദേവനെ സന്ദര്‍ശിച്ചതിന്റെ നൂറാം വര്‍ഷമായ ഇന്നലെയാണ് തുഷാര്‍ ഗാന്ധിയെ ഫാസിസ്റ്റുകള്‍ തടഞ്ഞു നിര്‍ത്തി അധിക്ഷേപിച്ചത്. ഏറ്റവും ക്രൂരമായ നടപടിയാണിത്. ഗാന്ധിജിയെ അപമാനിക്കുന്നതിന് തുല്യമാണ്. ഗാന്ധി ഘാതകരെ ആദരിക്കുന്ന ആളുകള്‍ ഗന്ധി നിന്ദയാണ് തുഷാര്‍ ഗാന്ധിയോട് ചെയ്തത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരും പൊലീസും ശക്തമായ നടപടി സ്വീകരിക്കണം. കേരളം പോലുള്ള സംസ്ഥാനത്തിന് അപമാനകരമായ സംഭവമാണ് ഉണ്ടായത്. ഇന്ത്യയുടെ ആത്മാവില്‍ പടര്‍ന്നു കയറിയ അര്‍ബുദമാണ് ആര്‍.എസ്.എസും സംഘ്പരിവാറുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതില്‍ എന്ത് തെറ്റാണുള്ളത്? ഫാസിസമാണ് രാജ്യത്തെ ഭരിക്കുന്നത്. അത് രാജ്യത്തിന്റെ ആത്മാവിനെയാണ് കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നത് എന്നത് ഒരു രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണ്. അത് പറഞ്ഞതിന്റെ പേരിലാണ് തുഷാര്‍ ഗാന്ധി അപമാനിക്കപ്പെട്ടത്. കേരളത്തിന്റെ മനസ് തുഷാര്‍ ഗാന്ധിക്കൊപ്പം ഉണ്ടാകുമെന്നതില്‍ സംശയമില്ല. അദ്ദേഹത്തെ കേരളത്തിലെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുപ്പിക്കുമെന്ന് വി ഡി സതീശന്‍.

Leave a Reply

Your email address will not be published. Required fields are marked *