പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. കടുവക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്.ചിത്രത്തിന്റെ പൂജ രാവിലെ 9:30ന് പാളയം വി ജെ ടി ഹാളിൽ നടന്നു. എസ് എൻ സ്വാമിയാണ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. ജഗദീഷ് ഫസ്റ്റ് ക്ലാപ്പ് നിർവ്വഹിച്ചു. പൃഥ്വിരാജ്, ആസിഫ്‌ അലി, എ കെ സാജൻ, ജിനു വി എബ്രഹാം, തുടങ്ങിയ പ്രമുഖ വ്യക്തികളും പൂജാകർമ്മത്തിൽ പങ്കെടുത്തു.

പൃഥ്വിരാജിനെ കൂടാതെ ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍, ഇന്ദ്രന്‍സ്, നന്ദു തുടങ്ങി അറുപതോളം നടീനടന്മാര്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ നിര്‍മാണ പങ്കാളിയാവുന്ന പ്രഥമ ചലച്ചിത്രനിര്‍മാണ സംരംഭമാണ് കാപ്പ.

കൊട്ട മധു എന്ന ഗുണ്ടയുടെ റോളിലാണ് പൃഥ്വിരാജ്. ആടുജീവിതം ഫൈനല്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാണ് പൃഥ്വിരാജ് കാപ്പയില്‍ ജോയിന്‍ ചെയ്യുന്നത്. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. മഞ്ജു വാര്യര്‍ അടുത്താഴ്ച ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയില്‍ ഉണ്ട്. ജോമോന്‍ ടി ജോണ്‍ ചായഗ്രഹണം നിര്‍വഹിക്കുന്നു. ചിത്രത്തിനുവേണ്ടി 60 ദിവസത്തെ ഡേറ്റാണ് പൃഥ്വിരാജ് നല്‍കിയിരിക്കുന്നത്.പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വേണു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച ചിത്രമാണ് കാപ്പ. സിനിമയുടെ ആദ്യമായി പുറത്തുവന്ന മോഷന്‍ പോസ്റ്ററിലും വേണുവായിരുന്നു സംവിധായകന്റെ സ്ഥാനത്ത്. സാനു ജോണ്‍ വര്‍ഗീസ് ക്യാമറ ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചത്. നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതകള്‍ക്ക് പിന്നാലെ വേണുവിന് പകരം ഷാജി കൈലാസ് സംവിധായകനായി എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വേണുവിന് പകരം ഷാജി കൈലാസ് സംവിധായകനായി വന്നതിനെക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങള്‍ പുറത്തുവന്നിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *