പാലക്കാട് : ബിജെപി നേതൃത്വവുമായി ഇടഞ്ഞ പാര്‍ട്ടി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഇനി നാലുദിവസം മാത്രം ശേഷിക്കേയാണ് ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
കെപിസിസി നേതൃത്വത്തിന്റെ വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെയാണു മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ സന്ദീപ് വേദിയിലേക്ക് എത്തിയത്. നേതാക്കള്‍ കൈ കൊടുത്തും ഷാള്‍ അണിയിച്ചും ആലിംഗനം ചെയ്തും സ്വീകരിച്ചു. വേദിയില്‍ നേതാക്കളുടെ കൂട്ടത്തില്‍ സന്ദീപിന് ഇരിപ്പിടം നല്‍കി.

സിപിഎമ്മിലേക്കു പോകുമെന്ന അഭ്യൂഹം ശക്തമായിരിക്കെ സിപിഐയുമായി സന്ദീപ് ചര്‍ച്ച നടത്തിയെന്നും നേരത്തേ സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി കോണ്‍ഗ്രസ് ക്യാംപിലേക്കു ചേക്കേറുന്നത്. ബിജെപിയുമായി മാനസികമായി അകന്ന സന്ദീപ് തിരിച്ചുവരാന്‍ സാധ്യത കുറവാണെന്ന നിഗമനത്തിലായിരുന്നു സംസ്ഥാന നേതൃത്വം.

ആര്‍എസ്എസ് നേതാവ് ജയകുമാറിന്റെ അനുനയവും ഫലം കണ്ടില്ല. പ്രശ്‌നങ്ങള്‍ പിന്നീടു ചര്‍ച്ച ചെയ്യാമെന്നും പാര്‍ട്ടിയില്‍ സജീവമാകാനും സന്ദീപിനോടു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. സന്ദീപ് അച്ചടക്കലംഘനത്തിന്റെ പരിധി വിട്ടെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *