പാലക്കാട്: ബി.ജെ.പി വെറുപ്പ് മാത്രം ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയാണെന്ന് മുന്‍ ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. കോണ്‍ഗ്രസ് പ്രവേശനത്തിന് പിന്നാലെ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് സന്ദീപ് വാര്യരുടെ പ്രതികരണം. സ്വന്തമായി അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമില്ലാതെ താന്‍ ബി.ജെ.പിയില്‍ വീര്‍പ്പുമുട്ടി കഴിയുകയായിരുന്നു. സ്‌നേഹത്തിന്റെ കടയില്‍ താന്‍ അംഗത്വം എടുക്കുകയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

14 ജില്ലകളില്‍ താന്‍ ബി.ജെ.പിക്ക് വേണ്ടി പ്രസംഗിച്ചിട്ടുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ ഭാഷയുടെ സാധ്യതകളെല്ലാം താന്‍ ഉപയോഗിച്ചിട്ടുണ്ട്. താന്‍ കോണ്‍ഗ്രസില്‍ എത്താന്‍ കാരണം കെ.സുരേന്ദ്രനും കൂട്ടാളികളുമാണ്. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കാരണമാണ് താന്‍ പാര്‍ട്ടിവിട്ടത്. കൊടകര കുഴല്‍പ്പണ കേസും കരുവന്നൂര്‍ ബാങ്ക് തമ്മില്‍ അഡ്ജസ്റ്റ്‌മെന്റ് ഉണ്ടാക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബലിദാനികളെ ഉപയോഗിച്ച് മുതലെടുപ്പ് നടത്താനാണ് ബി.ജെ.പിയുടെ ശ്രമമെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ 17 പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. ഒറ്റുകാരന്റെ റോള്‍ ചേരുന്നത് ബി.ജെ.പിയില്‍ ഉള്ളവര്‍ക്ക് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *