തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയ്ക്കും, സംവിധായകൻ വിഗ്നേഷ് ശിവനുമെതിരെ പൊലീസിൽ പരാതി നൽകി സാലിഗ്രാം സ്വദേശി കണ്ണൻ എന്ന യുവാവ്.
‘റൗഡി പിക്‌ചേഴ്‌സ്’ എന്ന നയൻതാരയുടേയും വിഗ്നേഷ് ശിവന്റേയും പ്രൊഡക്ഷൻ കമ്പനി തമിഴ്‌നാട്ടിൽ റൗഡിസം വളരുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണൻ ചെന്നൈ സിറ്റി കമ്മീഷ്ണർ ഓഫിസിൽ പരാതി നൽകിയത്.
വിഗ്നേഷ് ശിവൻ സംവിധാനം ചെയ്ത് നയൻതാരയും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രത്തിൽ എത്തിയ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ ഭ്രഹ്മാണ്ഡ വിജയത്തിന് ശേഷമാണ് ദമ്പതികൾ ചേർന്ന് ‘റൗഡി പിക്‌ചേഴ്‌സ്’ എന്ന നിർമാണ കമ്പനി ആരംഭിക്കുന്നത്.
2021 ൽ പെബിൾസ്, റോക്കി എന്നീ ചിത്രങ്ങൾ നിർമിച്ചത് റൗഡി പിക്‌ചേഴ്‌സ് ആയിരുന്നു. തമിഴ്‌നാട് പൊലീസ് റൗഡികളെ തുരത്തുന്നതിനും റൗഡിസത്തിനെതിരുമായി വ്യാപക നടപടി സ്വീകരിക്കുന്നതിനിടെ യുവാക്കൾ ആരാധനയോടെ കാണുന്ന താരങ്ങൾ ‘റൗഡി പിക്‌ചേഴ്‌സ്’ എന്ന് പ്രൊഡക്ഷൻ ഹൗസിന് പേര് നൽകുന്നത് തെറ്റായ മാതൃകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.