രാഷ്ട്രപതി തെരെഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുര്‍മുവിനെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും കത്തയച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തന്റെ ജീവിതം സമൂഹത്തെ സേവിക്കുന്നതിനും, ദരിദ്രരെയും അധഃസ്ഥിതരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനും സമര്‍പ്പിച്ച ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കണമെന്ന് സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.

മുഖ്യമന്ത്രിക്ക് കെ സുരേന്ദ്രന്‍ നല്‍കിയ കത്തിന്റെ പൂര്‍ണ്ണരൂപം

ദേശീയ ജനാധിപത്യ സഖ്യത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ഒഡിഷയില്‍ നിന്നുള്ള ആദിവാസി നേതാവ് ശ്രീമതി ദ്രൗപതി മുര്‍മു മത്സരിക്കുന്ന വിവരം താങ്കള്‍ അറിഞ്ഞിരിക്കുമല്ലോ. മുര്‍മു തെരഞ്ഞെടുക്കപ്പെട്ടാല്‍ ചരിത്രത്തില്‍ ആദ്യമായി ആദിവാസി വനിത രാജ്യത്തിന്റെ പ്രഥമപൗരയാകുമെന്നതാണ് പ്രത്യേകത. ‘ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ച ദശലക്ഷങ്ങളുടെ പ്രതിനിധി’ എന്നാണ് ദ്രൗപതി മുര്‍മുവിനെ പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദി വിശേഷിപ്പിച്ചത്.

ഒഡിഷയില്‍ നിന്നുള്ള ആദിവാസി വനിതാ നേതാവായ ദ്രൗപതി മുര്‍മു കൗണ്‍സിലറായാണ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് റെയ്‌റാങ്പുര്‍ ദേശീയ ഉപദേശക സമിതിയുടെ വൈസ് ചെയര്‍പേഴ്‌സണായി. 2013ല്‍ ഒഡീഷയിലെ പട്ടികവര്‍ഗ മോര്‍ച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2000ത്തിലാണ് ദ്രൗപതി മുര്‍മു ഒഡീഷ നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കുന്നത്. റെയ്‌റാങ്പുര്‍ മണ്ഡലത്തില്‍ നിന്നാണ് എംഎല്‍എയായി ജയിച്ചത്. തുടര്‍ച്ചയായി രണ്ട് തവണ എംഎല്‍എയായി. 2000ത്തില്‍ ആദ്യവട്ടം എംഎല്‍എയായപ്പോള്‍ തന്നെ മന്ത്രിപദം തേടിയെത്തി. ആദ്യം വാണിജ്യ-ഗതാഗത മന്ത്രി സ്ഥാനവും പിന്നീട് ഫിഷറീസ്-മൃഗസംരക്ഷണ വകുപ്പും കൈകാര്യം ചെയ്തു. 2007ല്‍ ഒഡിഷയിലെ ഏറ്റവും മികച്ച എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു(നിലാകാന്ത പുരസ്‌കാരം). 2015ല്‍ ദ്രൗപതിയെ ജാര്‍ഖണ്ഡിന്റെ ഗവര്‍ണറായി നിയമിച്ചു. ജാര്‍ഖണ്ഡില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന ആദ്യ ഗവര്‍ണറായി ദ്രൗപതി മുര്‍മു മാറി. ജാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണര്‍ എന്ന പ്രത്യേകതയും ദ്രൗപതി മുര്‍മുവിന് തന്നെ.

ഭരണരംഗത്തെ മികവും പരിചയ സമ്പത്തും ദ്രൗപതി മുര്‍മുവെന്ന വനിതയെ രാഷ്ട്രപതി പദവിയില്‍ വിജയത്തിലേക്ക് നയിക്കുമെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിന് അതീതമായി മുര്‍മു ഭാരതത്തിന്റെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടേണ്ടത് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും ആവശ്യമായി മാറി കഴിഞ്ഞു. തന്റെ ജീവിതം സമൂഹത്തെ സേവിക്കുന്നതിനും, ദരിദ്രരെയും അധഃസ്ഥിതരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനും സമര്‍പ്പിച്ച ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കാന്‍ താങ്കളും ഇടതുപക്ഷവും തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *