മാലിന്യ പരിപാലന സംവിധാനം മെച്ചപ്പെടുത്തുന്നതിനായി ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം പദ്ധതിയുമായി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്. ശുചിത്വ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ പാഴ് വസ്തു ശേഖരണം, മാലിന്യ സംസ്കരണം എന്നിവ ഒരു മൊബൈൽ ആപ്പിന്റെ നിയന്ത്രണത്തിലേക്ക് എത്തിക്കുകയാണ്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യ ശേഖരണം സമയബന്ധിതമായും കുറ്റമറ്റതായും ഈ ആപ്പ് വഴി നടപ്പാക്കാൻ കഴിയും.

മാലിന്യം ശേഖരിക്കുന്നതു മുതൽ സംസ്ക്കരിക്കുന്നതുവരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തൽക്ഷണം നിരീക്ഷിക്കുന്നതിനുമുള്ള മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും ഉപയോഗിച്ചാണ് ഹരിത മിത്രം മോണിറ്ററിങ് സിസ്റ്റം പ്രവർത്തിക്കുക. ഹരിതമിത്രം ആപ്പിലൂടെ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ പറഞ്ഞു.

പ്രത്യേകമായി തയ്യാറാക്കിയ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ് വഴി ഓരോ വീടും ബന്ധിപ്പിക്കും. പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും ക്യു ആർ കോഡ് പതിക്കുന്നുണ്ട്. ഹരിത സേന പ്രവർത്തകരുടെ മൊബൈൽ ആപ്പിൽ കുടുംബത്തിൻ്റെ വിവരങ്ങൾ നൽകും. വീട്ടുകാർക്കും മൊബൈൽ ആപ് വഴി പണം നൽകാനും കൂടുതൽ സേവനങ്ങൾ ആവശ്യപ്പെടാനും കഴിയും. ശുചിത്വമിഷൻ, നവകേരള മിഷൻ എന്നിവ ചേർന്നാണ് പദ്ധതി ആവിഷ്കരിക്കുന്നത്. കെൽട്രോണാണ് ആപ്പ് തയ്യാറാക്കിയത്.

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ മൂന്നാം വാർഡിൽ പദ്ധതിക്ക് തുടക്കമായി പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ ചെയർമാൻ ചന്ദ്രൻ തിരുവലത്ത് ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മസേന സെക്രട്ടറി സുമ സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡണ്ട് സുബൈദ അധ്യക്ഷത വഹിച്ചു ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ജിഷ, വി.ഇ.ഒ ബിന്ദു, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷ്, കെൽട്രോൺ പ്രജക്റ്റ് മാനേജർ മിജിത്ത്, ജില്ല കോർഡിനേറ്റർ വൈശാഖ് ഹരിത കർമ്മസേന വൈസ് പ്രസിഡണ്ട് ഗിരിജ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *