കേരളത്തിന്റെയാകെ കണ്ണീരേറ്റുവാങ്ങിയാണ് അര്‍ജുന്‍ ജന്മനാട്ടിലേക്ക് നോവോര്‍മയായി മടങ്ങിയെത്തിയത്. മണ്ണിടിഞ്ഞ് വീണ് രക്ഷാദൗത്യം ദുഷ്‌കരമായ ആദ്യനാളുകള്‍..അതിവേഗത്തില്‍ രൗദ്രഭാവത്തില്‍ ഒഴുകിയ ഗംഗാവലി പുഴ… പുഴയുടെ അടിത്തട്ടില്‍ നിറഞ്ഞ കല്ലും മണ്ണും മരവും… ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചാണ് ഷിരൂരില്‍ ദിവസങ്ങളോളം തെരച്ചില്‍ നടത്തിയത്. ഷിരൂര്‍ ദൗത്യത്തിന്റെ നാള്‍വഴികളിലേക്ക്..2024 ജൂലൈ 16 ന് രാവിലെ 8.30ന് ഉത്തര കന്നഡ ജില്ലയിലെ അങ്കോളക്കടുത്ത് ഷിരൂരില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചില്‍ ആ പ്രദേശത്തെയാകെ നടുക്കുന്നു. ഷിരൂരിലെ വലിയ മല മുഴുവനായി താഴേക്ക് പതിച്ചു.കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനെ ട്രക്കുമായി കാണാതായെന്ന് കുടുംബത്തിന്റെ പരാതി വരുന്നു. ബെല്‍ഗാമില്‍ നിന്ന് അക്കേഷ്യ മരങ്ങള്‍ കയറ്റിക്കൊണ്ടുവരികയായിരുന്നു അര്‍ജുന്‍. കര്‍ണാടക സര്‍ക്കാരിന്റെ തെരച്ചില്‍ പേരിന് മാത്രമെന്ന് കുടുംബം പരാതിപ്പെട്ടു. കേരളത്തിലെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതോടെ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടു.തെരച്ചില്‍ നടത്താന്‍ കര്‍ണാടക തയാറായി. കര്‍ണാടക പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും ഫയര്‍ ഫോഴ്‌സും തെരച്ചില്‍ ഊര്‍ജിതമാക്കി. ജൂലൈ 19ന് നാവിക സേനയും 20ന് റഡാര്‍ സംഘവും എത്തി.റഡാര്‍ ഉപയോഗിച്ചുള്ള ഭൂഗര്‍ഭ സ്‌കാനിങ് ജൂലൈ 20 ന് നടന്നു. അര്‍ജുന്‍ ഉള്‍പ്പെടെ 3 പേര്‍ കാണാമറയത്ത്. രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ സൈന്യം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇടെപടല്‍ ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി. കേരളത്തില്‍ നിന്നുള്ള മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും സംഘം ഷിരൂരില്‍. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥലം സംന്ദര്‍ശിച്ചു.തുടക്കം മുതല്‍ കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ നടത്തിയ ഇടപെടല്‍ നിര്‍ണായകമായി. കാര്‍വാര്‍ എസ് പിയും കളക്ടറും നിര്‍ദേശങ്ങള്‍ നല്‍കി സജീവമായി ഇടപെട്ടു. സൈന്യത്തില്‍ നിന്നുള്ള ഒരു സംഘം ഉദ്യോഗസ്ഥര്‍ ജൂലൈ 21 ന് ഷിരൂരില്‍ എത്തിയെങ്കിലും തെരച്ചില്‍ വിജയം കണ്ടില്ല. കനത്ത കാറ്റും മഴയും രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തി.22 ന് കരയിലും ഗംഗാവലിപ്പുഴയിലും തെരച്ചില്‍.ഡീപ് സെര്‍ച്ച് ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള തെരച്ചിലില്‍ ലോറി കരയില്‍ ഇല്ലെന്ന് കണ്ടെത്തി. .ഐ ബോര്‍ഡ്, സോണാര്‍ സംവിധാനവും തെരച്ചിലിനെത്തിച്ചു. റിട്ടയേഡ് മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്റെ നിര്‍ദേശത്തില്‍ കൂടിയായിരുന്നു തെരച്ചില്‍. തുടര്‍ന്ന് ലോറിയുടെ ഭാഗങ്ങള്‍ പുഴയില്‍ കണ്ടെത്തിയെന്ന് കര്‍ണാടക റവന്യൂ മന്ത്രി സ്ഥിരീകരിച്ചു. നദീതീരത്തെ മണ്ണ്, ലോംഗ് ബൂം എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് നീക്കം ചെയ്‌തെങ്കിലും ട്രക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. തീരത്ത് നിന്ന് 132 മീറ്റര്‍ അകലെയാണ് ലോറിയെന്ന് ഡ്രോണ്‍ പരിശോധനയില്‍ കണ്ടെത്തി. സോണാര്‍ പരിശോധനയില്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തി.മോശം കാലാവസ്ഥയും ശക്തമായ അടിയൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയും സംഘവും എത്തി 8 തവണ മുങ്ങിയെങ്കിലും ഒന്നും കണ്ടെത്താന്‍ ആയില്ല. 13 ആം ദിനവും തെരച്ചില്‍ പരാജയപ്പെട്ടതോടെ കൂടുതല്‍ യന്ത്രങ്ങള്‍ വരുന്നതുവരെ പരിശോധന നിര്‍ത്തിവയ്ക്കാന്‍, ജൂലൈ 28ന് കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. ഒരാഴ്ച തെരച്ചില്‍ നടന്നില്ല. തെരച്ചില്‍ തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടെങ്കിലും കാലാവസ്ഥ പ്രതികൂലമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഓഗസ്റ്റ് 14 ന് തെരച്ചില്‍ പുനരാരംഭിച്ചു.ഈശ്വര്‍ മാല്‍പെയും നേവിയും തെരച്ചിലിനിറങ്ങി. ചില നിര്‍ണായക സൂചനകള്‍ ലഭിച്ചു. പിന്നീട് നിര്‍ത്തിയ തെരച്ചില്‍, ഗോവയില്‍ നിന്ന് ഡ്രെഡ്ജര്‍ എത്തിച്ചതോടെയാണ് ഈ മാസം 20ന് പുനരാരംഭിച്ചു. തെരച്ചിലില്‍ അര്‍ജുന്റെ ലോറിയുടെ ചിലഭാഗങ്ങളും തടിക്കഷണങ്ങളും ലഭിച്ചു. വിവിധ സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന . ഒടുവില്‍ , കരയില്‍ നിന്ന് 65 മീറ്റര്‍ അകലെ ഗംഗാവലിപ്പുഴയുടെ 12 മീറ്റര്‍ ആഴത്തില്‍ നിന്ന് അര്‍ജുന്റെ ട്രക്കും മൃതദേഹവും കണ്ടെത്തി. അപകടം നടന്നതിന്റെ 72ആം നാള്‍. തുടര്‍ന്ന് ഇന്നലെയോടെ മൃതദേഹം അര്‍ജുന്റേത് തന്നെയെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു. ഈ നാൾ വഴികളിൽ എല്ലാം ഒരുപാട് പേരാണ് മെയ്മറന്ന് സഹായത്തിനു എത്തിയത്.ഈശ്വര്‍ മാല്‍പെയും നേവിയും, സ്ഥല എം എൽ എ എന്നിവർക്ക് ഒപ്പം ചേർക്കണ്ടവരാണ് മനാഫ്, രഞ്ജിത്ത് എന്നിവരെ. രാജ്യം നേരിട്ട പല ദേശീയ ദുരന്തങ്ങളിലും രക്ഷാപ്രവര്‍ത്തകനായി ദ്രുതകര്‍മ്മ സേനയ്ക്കൊപ്പം രഞ്ജിത്ത് ഉണ്ടായിരുന്നു.ഷിരൂരിലെ മണ്ണിടിച്ചില്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത്ത് ഇസ്രായേലിയെ എത്തിച്ചതിന് ലോറി ഉടമ മനാഫിന് നേരെ കയ്യേറ്റം വരെ ഉണ്ടായിട്ടുണ്ട്.ട്രക്ക് ഓണർ മനാഫ് ഉയരങ്ങളിൽ നിൽക്കുന്ന ഒരു മനുഷ്യൻ തന്നെ ആണ്.ഈ ലോറി ഇവിടെ വെക്കണമെന്നാണ് എന്റെ അഭിപ്രായം- മനാഫ് പറഞ്ഞു.ഇതൊരു ഓർമപ്പെടുത്തലാണ്. ഒരുമനുഷ്യജീവന് എന്ത് വിലയുണ്ടെന്നതിന്റെ പ്രതീകമാണിത്. ഒരു ഡ്രൈവറിന് വേണ്ടിയാണോ ഇത് എന്നാണ് അവര് ചോദിച്ചത്. ഞാൻ ചില ആളുകളെ അളക്കാൻ ഒരു അളവുകോൽവെച്ചിട്ടുണ്ട്. അതുവെച്ചുനോക്കുമ്പോൾ ഞാനവരേക്കാൾ എത്രയോ മുകളിലാണെന്ന് സമാധാനിക്കും. പണത്തേക്കാൾ വലുത് പലതുമുണ്ട്’, മനാഫിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു.കണ്ണാടിക്കലെ വീട്ടുവളപ്പില്‍ രാവിലെ 11 മണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *