കൊവിഡ് നിയന്ത്രണത്തിൻ്റെ ഭാഗമായി തീയേറ്ററുകൾ അടയ്ക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധവുമായി ഫെഫ്ക. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് ജില്ലകളിലെ തിയേറ്ററുകളാണ് അടച്ചുപൂട്ടിയത്. ഈ വിഷയത്തിലാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന് ഫെഫ്ക കത്തയച്ചിരിക്കുന്നത്. എന്ത് ശാസ്ത്രീയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കൊവിഡ് നിയന്ത്രണത്തിനായി തീയേറ്ററുകൾ അടയ്ക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണമെന്ന് ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മാളുകളും ബാറുകളും തുറക്കുമ്പോൾ തീയറ്ററുകൾ മാത്രം അടച്ചിടുന്നത് എന്തുകൊണ്ടാണെന്നും തീയറ്ററുകൾ കൊവിഡ് വ്യാപന കേന്ദ്രമായി രാജ്യത്ത് എവിടെയെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടോയെന്നും ഫെഫ്ക ചോദിച്ചു.
50 ശതമാനം സീറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രേക്ഷകര്‍ക്കായി മാറ്റിവെച്ചിട്ടുള്ളത്. പ്രവേശനം ഒരു ഡോസെങ്കിലും വാക്‌സിനെടുത്തവര്‍ക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. എല്ലാവരും മാസ്‌കുകള്‍ ധരിച്ചാണ് തിയേറ്ററിനുള്ളില്‍ സിനിമ കാണുന്നത് മുഖങ്ങള്‍ സ്‌ക്രീനിന്റെ ദിശയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഭക്ഷണ പാനീയങ്ങള്‍ ഓഡിറ്റോറിയത്തിനുള്ളില്‍ വിതരണംചെയ്യപ്പെടുന്നില്ല. ഒരാളും മറ്റൊരാളും തമ്മില്‍ ഒരു സീറ്റിന്റെ അകലമുണ്ട്. ഈ വസ്തുതകളെല്ലാം തിയേറ്ററുകളെ റെസ്റ്ററന്റുകളില്‍ നിന്നും ബാറുകളില്‍ നിന്നും സലൂണുകളില്‍ നിന്നും സുരക്ഷിതമായ ഇടമാക്കി മാറ്റുന്നുണ്ട്.
പ്രേക്ഷകരോട് ഇക്കാര്യത്തിൽ വിദഗ്ധ സമിതി ഉത്തരം പറയണം. അൻപത് ശതമാനം സീറ്റുകളിലാണ് പ്രേക്ഷകരെ പ്രവേശിപ്പിക്കുന്നത് എന്നിരിക്കെ തീയറ്ററുകൾ തുടക്കുന്നതിൽ പുനരാലോചന വേണമെന്നും ഫെഫ്ക പറഞ്ഞു.ബാറുകളും മാളുകളും അടച്ചിടാന്‍ വേണ്ടിയല്ല കത്തയച്ചത്. മറിച്ച് അവര്‍ക്കൊപ്പം തിയേറ്ററുകള്‍ക്കും പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിക്കണമെന്നാണ് ഫെഫ്കയുടെ ആവശ്യമെന്നും കത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *