വിനോദയാത്രയ്ക്കിടെ ബസിന് മുകളിൽ പൂത്തിരി കത്തിച്ച സംഭവം; ടൂറിസ്റ്റ് ബസുകള്‍ കസ്റ്റഡിയിലെടുത്ത് എംവിഡി, സ്വമേധയ കേസെടുത്ത് ഹൈക്കോടതി

0

വിനോദയാത്രയ്ക്കിടെ ബസ്സില്‍ പൂത്തിരി കത്തിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തു. ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രനും ജസ്റ്റിസ് പി.ജി.അജിത്കുമാറും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് നടപടി. സംഭവത്തിൽ സര്‍ക്കാര്‍ ബുധനാഴ്ച കോടതിയിൽ വിശദീകരണം നല്‍കും. വിഷയത്തിൽ കൊമ്പൻ ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴയിലെ പുന്നപ്രയിൽ നിന്നും തകഴിയിൽ നിന്നുമാണ് ബസുകൾ കസ്റ്റഡിയിലെടുത്തത്. പല സ്ഥലങ്ങളിലും ബസ് പിടിക്കാൻ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയിരുന്നു. മോട്ടോർ വാഹന വകുപ്പിനെ കബളിപ്പിച്ച് കടക്കുന്നതിനിടെയാണ് പിടിയിലായത്.കൊല്ലം പെരുമൺ എൻജിനീയറിങ് കോളേജിൽ വിനോദ യാത്ര പോകുന്നതിന് മുമ്പ് കോളേജ് വിദ്യാർത്ഥികളെ ആവേശം കൊള്ളിക്കാനായിരുന്നു ബസിന് മുകളിൽ പൂത്തിരി കത്തിച്ചത്. പൂത്തിരിയിൽ നിന്ന് തീ ബസിലേക്ക് പടരുകയായിരുന്നു. ജീവനക്കാരൻ തീ അണച്ചതിനാലാണ് അപകടം ഒഴിവായത്.മോട്ടാര്‍ വാഹന നിയമ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയ ശേഷം കുട്ടികളെ കോളേജില്‍ ഇറക്കാന്‍ ഡ്രൈവര്‍മാരെ അനുവദിച്ചു. ബസുകള്‍ കൊല്ലം ആര്‍ടിഒ എന്‍ഫോഴ്സ്മെന‍്റ് വിഭാഗത്തിന് കൈമാറും. മോട്ടോർ വാഹന നിയമ ലംഘനങ്ങൾക്ക് രണ്ട് ബസുകൾക്കുമായി 36,000 രൂപ പിഴ ചുമത്തി. പൂത്തിരി കത്തിച്ചതിന് കൊല്ലം പൊലീസ് പ്രത്യേകം കേസെടുക്കും.അതേസമയം, സംഭവത്തില്‍ കോളജിന് പങ്കില്ലെന്ന് അധികൃതര്‍ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. കുട്ടികളെ ആവേശത്തിലാക്കാനായി ജീവനക്കാരാണ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ചതെന്നായിരുന്നു അധികൃതരുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here