മക്ക: ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന്. ഇതിനായി ഹാജിമാര്‍ രാവിലെ മുതല്‍ മിനായില്‍ നിന്ന് അറഫയിലേക്ക് എത്തുകയാണ്. മസ്ജിദു നമിറയില്‍ നടക്കുന്ന പ്രഭാഷണത്തോടെയാണ് അറഫാ സംഗമത്തിന് തുടക്കമാവുക. 150ലേറെ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 17 ലക്ഷത്തിലേറെ ഹാജിമാര്‍ അറഫയില്‍ സംഗമിക്കും. ഇന്ന് സൂര്യാസ്തമയം വരെ ഹാജിമാര്‍ അറഫയില്‍ തങ്ങണം. പിന്നീട് മുസ്ദലിഫയില്‍ രാപ്പാര്‍ത്ത് മിനായിലേക്ക് തിരികെയെത്തും. കല്ലേറ് കര്‍മം, ഹജ്ജിന്റെ ത്വവാഫ്, ബലി കര്‍മം എന്നിവ പൂര്‍ത്തിയാക്കിയാല്‍ തീര്‍ഥാടകന് ഹജ്ജിന് അര്‍ധവിരാമം കുറിക്കാം.
കനത്ത സുരക്ഷയിലാണ് ഇത്തവണ ഹജ്ജ്. ഒരു ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹാജിമാരുടെ സുരക്ഷയൊരുക്കാനായി പുണ്യനഗരികളില്‍ നിലയിറപ്പിച്ചിട്ടുണ്ട്. ഒന്നര ദശലക്ഷത്തിലേറെ തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജില്‍ പങ്കെടുക്കുന്നത്.
ഒന്നരമാസം നീണ്ട സുരക്ഷാ മുന്നൊരുക്കങ്ങളുടെയാണ് ഇത്തവണ ഹജ്ജ്. അനധികൃതമായി പ്രവേശിച്ച രണ്ടരലക്ഷം പേരെ മക്കയില്‍ നിന്ന് പുറത്താക്കിയിരുന്നു. പതിനാറായിരത്തോളം അനധികൃത തീര്‍ഥാടകര്‍ക്ക് പിഴയും കിട്ടി. പരിശോധന വ്യാപകമാക്കിയതിന്റെ ഫലം ലഭിച്ചത് ഹാജിമാര്‍ക്കാണ്. മക്കയിലെ റോഡുകളില്‍ തിരക്ക് കുറഞ്ഞു. ഇന്നലെ മിനയിലേക്ക് ബസ്മാര്‍ഗം എത്താന്‍ എടുത്ത സമയം ശരാശരി 15 മിനിറ്റാണ്. നേരത്തെ ഇതിന് മണിക്കൂറിലേറെ സമയമെടുത്തിരുന്നു.