ജെയിംസ് കാമറൂണ്‍ ചിത്രം ‘അവതാർ 2’ ഇന്ത്യയിൽ ആറ് ഭാഷകളിൽ റിലീസ് ചെയ്യുന്നു.ഇംഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലാണ് ചിത്രം മൊഴിമാറ്റിയെത്തുന്നത്.ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളയ ജോണ്‍ ലാന്‍ഡോയാണ് ഇത് സ്ഥിരീകരിച്ചത്. ഇന്ത്യയുടെ വൈവിധ്യം തന്നെ എല്ലായ്‌പ്പോഴും ആശ്ചര്യപ്പെടുത്തുന്നുവെന്നും ഇന്ത്യയില്‍ ആറ് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നും ജോണ്‍ ലാന്‍ഡോ ട്വീറ്റ് ചെയ്തു.പന്‍ഡോറയിലേക്കുള്ള മടങ്ങിവരവ് ഡിസംബര്‍ 16 ന് ആഘോഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വർഷം ഡിസംബർ 16-ന് ‘അവതാർ- ദ വേ ഓഫ് വാട്ടർ’ തിയറ്ററിൽ എത്തും. 2009 ലാണ് അവതാര്‍ ആദ്യഭാഗം പ്രദര്‍ശനത്തിനെത്തിയത്. ലോക സിനിമയുടെ ചരിത്രത്തില്‍ സാമ്പത്തികമായി ഏറ്റവും വരുമാനം (2.923 ബില്യണ്‍ ഡോളര്‍) നേടിയ ചിത്രമെന്ന അവതാറിന്റെ റെക്കോഡ് ഇതുവരെ തകര്‍ക്കപ്പെട്ടിട്ടില്ല.പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അവതാര്‍; ദ വേ ഓഫ് വാട്ടര്‍ പ്രദര്‍ശനത്തിനെത്തുന്നത്. ലൈറ്റ്‌സ്റ്റോം എന്റര്‍ടൈന്‍മെന്റ്‌സിന്റെ ജോണ്‍ ലാന്‍ഡോയ്‌ക്കൊപ്പം കാമറൂണും ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാണ്. 2000 കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അവതാര്‍ 2ന്റെ കഥ പൂര്‍ണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂണ്‍ പറയുന്നത്. കാമറൂണിനൊപ്പം റിക്ക് ജാഫയും അമാന്‍ഡ സില്‍വറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *